Wednesday, 28 December 2011

എന്റെ കുട്ടിക്കാലം
ചാര്‍ലി ചാപ്ലിന്‍
                                 

ഞങ്ങളുടേതുപോലുള്ള താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍, ഭാഷാരീതികളേയും പ്രയോഗങ്ങളെയും കുറിച്ച് ആരും ചിന്തിക്കാറേയില്ല. പക്ഷേ, ഞങ്ങള്‍ ശുദ്ധമായ ഭാഷ സംസാരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വാക്യങ്ങള്‍ തിരുത്തിത്തരും. കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍, എന്റെ അറിവില്ലായ്മകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോവാത്തതിന് ചിലപ്പോഴൊക്കെ ഞാനമ്മയെ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ, അത്തരം ജീവിതം വ്യര്‍ഥവും കൃത്രിമവുമാണെന്നും ആ അവസ്ഥയില്‍ നമ്മള്‍ ദൈവത്തെ എളുപ്പം മറന്നുപോവുമെന്നും ഒരു പുഞ്ചിരിയോടെ അമ്മ പറയും. ഇതൊക്കെയാണെങ്കിലും നാടകശാലയെക്കുറിച്ച് വല്ലതും പറയാന്‍ തുടങ്ങിയാല്‍ അമ്മ സ്വയം മറന്ന് ആവേശഭരിതയാവും. ഈ ഓര്‍മ്മ പുതുക്കല്‍ കഴിഞ്ഞാല്‍ പിന്നെ അല്‍പദിവസത്തേക്ക് അമ്മ തുന്നല്‍ ജോലികളില്‍ മുഴുകി നിശ്ശബ്ദയായിരിക്കും. ആ മായാലോകത്തുനിന്ന് വളരെ അകലെയാണ് ഞങ്ങളെന്നോര്‍ത്ത് നിരുത്സാഹത്തോടെ ഞാനും ഒരു മൂലയ്ക്കിരിക്കും. അല്പം കഴിയുമ്പോള്‍ എന്റെ ഇരിപ്പുകണ്ട് അമ്മ അടുത്തുവന്ന് ആശ്വസിപ്പിക്കും.
മഞ്ഞുകാലം ആരംഭിക്കാറായി. സിഡ്‌നിക്ക് വസ്ത്രങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. തന്റെ പഴയൊരു വെല്‍വെറ്റ് ഉടുപ്പുകൊണ്ട് അമ്മ സിഡ്‌നിക്കൊരു കോട്ടുണ്ടാക്കി. അതിന്റെ കൈകളില്‍ ചുവപ്പും കറുപ്പം നീളന്‍ വരകളുണ്ടായിരുന്നു. തോള്‍ഭാഗത്തുള്ള ഞൊറിവുകള്‍ മാറ്റാന്‍ അമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിട്ടുകൊടുത്തപ്പോള്‍ സിഡ്‌നി സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു: 'കുട്ടികള്‍ എന്താണ് കരുതുക?'
'ആളുകള്‍ എന്തു കരുതിയാല്‍ നമുക്കെന്താ? മാത്രവുമല്ല ഇത് വളരെ വ്യത്യസ്തമായി തോന്നുന്നു.' എന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവില്‍ സിഡ്‌നി അതിട്ടുകൊണ്ടുതന്നെ സ്‌കൂളില്‍ പോയി. അവന്റെ ഷൂസും അമ്മയുടേതുതന്നെയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ചുറ്റും കൂടി ബഹളമായി. 'ജോസഫും അവന്റെ ബഹുവര്‍ണ്ണക്കുപ്പായവും' അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെതന്നെ ഇറുക്കമുള്ള കാലുറ മുറിച്ചെടുത്ത് സ്റ്റോക്കിങ്ങ്‌സ് ആയി ഇട്ടുനടക്കുന്ന എന്നെ 'സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്' എന്നാണ് കുട്ടികള്‍ കളിയാക്കി വിളിച്ചത്.
ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ അമ്മയ്ക്ക് പൊടുന്നനെ ഒരു തലവേദന ആരംഭിച്ചു. അതുകാരണം തുന്നല്‍പ്പണി ഉപേക്ഷിച്ച്, ദിവസങ്ങളോളം കണ്ണിനുമുകളില്‍ തേയില ബാന്‍ഡേജ് കേട്ടിവച്ച് ഇരുട്ടുമുറിയില്‍ കിടക്കാന്‍ അമ്മ നിര്‍ബന്ധിതയായി. അക്കാലത്ത് സൂപ്പു ടിക്കറ്റുകളും ഭക്ഷണപ്പൊതികളും തന്ന് ഇടവകക്കാര്‍ ഞങ്ങളെ കുറച്ചൊക്കെ സഹായിച്ചു. സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ദിനപത്രങ്ങള്‍ വിതരണം ചെയ്ത് സിഡ്‌നിയും നേരിയ തോതില്‍ വരുമാനമുണ്ടാക്കി. എല്ലാ വിഷമഘട്ടങ്ങള്‍ക്കും ഒരു മൂര്‍ധന്യാവസ്ഥ ഉണ്ടാവുമല്ലോ. ഞങ്ങളുടെ കാര്യത്തില്‍ ഈ മൂര്‍ധന്യാവസ്ഥ സന്തോഷകരമായ ഒന്നായിരുന്നു.
അമ്മയുടെ അസുഖം ഭേദമായിവരുന്ന സമയം. പത്രവില്‍പനയ്ക്ക് പോയ സിഡ്‌നി അന്ന് തിരിച്ചുവന്നത് ആര്‍ത്തുവിളിച്ചുകൊണ്ടാണ്. 'എനിക്കൊരു പേഴ്‌സ് കിട്ടി.' പത്രക്കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ കൂവിവിളിച്ചു. എന്നിട്ട്, പേഴ്‌സ് അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മ അത് പതുക്കെ തുറന്നു. അതിനകത്ത് നിറയെ വെള്ളിയുടേയും ചെമ്പിന്റേയും നാണയങ്ങള്‍. പെട്ടെന്നതടച്ചുകൊണ്ട് അമ്മ കിടക്കയിലേക്ക് ചാഞ്ഞു.
സിഡ്‌നി ബസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി പത്രവില്‍പന നടത്തുകയായിരുന്നു. അതിനിടയിലാണ് ഒരു ബസ്സിലെ ഒഴിഞ്ഞ സീറ്റില്‍ അവനാ പേഴ്‌സ് കണ്ടത്. ഉടനെ അതിനു മുകളിലേക്കൊരു പത്രമിട്ട്, പത്രത്തോടൊപ്പം പേഴ്‌സുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. ഒഴിഞ്ഞ ഒരിടത്തുചെന്ന് പേഴ്‌സ് തുറന്നുനോക്കിയപ്പോഴാണ് ഇത്രയധികം പണം അതിനുള്ളിലുണ്ടെന്ന് അവന്‍ കണ്ടത്. സന്തോഷംകൊണ്ട് അതെണ്ണി നോക്കാനൊന്നും മിനക്കെടാതെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നത്രെ.
അസുഖം ഭേദമായപ്പോള്‍ അമ്മ എഴുന്നേറ്റ് ആ പേഴ്‌സിലുള്ള നാണയങ്ങളൊക്കെ കിടക്കയിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും പേഴ്‌സിന്റെ കനം കുറഞ്ഞില്ല. അതിന് മധ്യഭാഗത്ത് ഒരു പോക്കറ്റുകൂടി ഉണ്ടായിരുന്നു. അതു തുറന്നപ്പോള്‍ ഞങ്ങളുടെ കണ്ണു മഞ്ഞളിച്ചുപോയി. അതിനുള്ളില്‍ ഏഴു സ്വര്‍ണ്ണനാണയങ്ങള്‍. ദൈവത്തിനു സ്തുതി; പേഴ്‌സിനുള്ളില്‍ മേല്‍വിലാസമൊന്നുമില്ലായിരുന്നു. അതിനാല്‍ അമ്മയുടെ ധാര്‍മികബോധം അധികമൊന്നും ഉപദ്രവിച്ചില്ല. അതിന്റെ ഉടമസ്ഥന്റെ നിര്‍ഭാഗ്യത്തില്‍ അല്പം സഹതപിച്ചെങ്കിലും ഇത് സ്വര്‍ഗത്തില്‍നിന്ന് ദൈവംതന്നെ തന്നയച്ചതാവാമെന്ന് ഉടന്‍തന്നെ അമ്മ തിരുത്തിപ്പറഞ്ഞു.
അമ്മയുടെ അസുഖം മാനസികമായിരുന്നോ, അതോ ശാരീരികം തന്നെയായിരുന്നോ എന്നെനിക്കുറപ്പില്ല. ഏതായാലും ഒരാഴ്ചകൊണ്ട് അമ്മ പൂര്‍ണസുഖം പ്രാപിച്ചു. അമ്മ ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ഒഴിവുദിവസമാഘോഷിക്കാന്‍ ഞങ്ങള്‍ സൗത്ത് എന്‍ഡിലെ ബീച്ചിലേക്കാണ് പോയത്.
ആദ്യമായി കടല്‍ കണ്ടതിന്റെ മോഹനിദ്രയിലായിരുന്നു ഞാന്‍. ഉയര്‍ന്ന തെരുവില്‍നിന്ന് അതിനെ സമീപിച്ചപ്പോള്‍ അത് നിശ്ചലമായതുപോലെ തോന്നി. പിന്നെ ഒരു ഭയങ്കര സത്വമായി കുലുങ്ങിവിറച്ചുകൊണ്ട് എന്റെ മേല്‍ പതിക്കാനായി വന്നു. ഷൂ ഊരിമാറ്റി ഞങ്ങള്‍ മൂന്നുപേരും വെള്ളത്തിലിറങ്ങിക്കളിച്ചു. വളരെ ആഹ്ലാദകരമായ ഒരു സായാഹ്നമായിരുന്നു അത്. ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും എന്നെ മോഹിപ്പിക്കുന്നു.
മണല്‍ഘടികാരത്തിലെ മണലെന്നോണം ഞങ്ങളുടെ കൈയിലെ പണമെല്ലാം ഒഴുകിത്തീര്‍ന്നുകൊണ്ടിരുന്നു. അമ്മ എന്തെങ്കിലുമൊരു ജോലി കിട്ടാന്‍ വളരെയേറെ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. തവണയടയ്ക്കുന്നത് മുടങ്ങിയപ്പോള്‍ അമ്മയുടെ തയ്യല്‍മെഷീന്‍ അവര്‍ പിടിച്ചെടുത്തു. അച്ഛനില്‍നിന്നും കിട്ടിയിരുന്ന പത്തു ഷില്ലിംഗ് വരുമാനവും പാടേ നിലച്ചു. ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ലാതെയായി. ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും ലാംബെത്ത് അനാഥമന്ദിരത്തില്‍ പ്രവേശിച്ചു.
അനാഥമന്ദിരത്തില്‍ പോയി താമസിക്കുന്നത് നാണക്കേടാണെങ്കിലും ഒറ്റമുറിയില്‍ നിന്നൊരു മാറ്റം ഞാനും സിഡ്‌നിയും ആഗ്രഹിച്ചു. അനാഥമന്ദിരത്തിന്റെ ഗേറ്റ് കടക്കുന്നതുവരെ വാസ്തവത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അവിടെവെച്ച് അമ്മയെ സ്ത്രീകളുടെ വാര്‍ഡിലേക്കും ഞങ്ങളെ കുട്ടികളുടെ വാര്‍ഡിലേക്കും വേര്‍തിരിച്ചയച്ചു. അമ്മയുമായുള്ള ഈ വേര്‍പെടല്‍ എന്നെ വളരെയേറെ വേദനിപ്പിച്ചു.
ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ആദ്യസന്ദര്‍ശന ദിവസം. അന്നത്തെ ആ ദുഃഖകരമായ രംഗം ഇന്നും ഞാനോര്‍ക്കുന്നു. സന്ദര്‍ശകമുറിയില്‍ അനാഥമന്ദിരത്തിലെ യൂണിഫോം അണിഞ്ഞിരിക്കുന്ന അമ്മയെക്കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരാഴ്ചകൊണ്ട് അമ്മ വല്ലാതെ വൃദ്ധയായതുപോലെ തോന്നി. ഞങ്ങളെ കണ്ടപ്പോള്‍ ആ മുഖം പ്രസന്നമായി. സിഡ്‌നിയും ഞാനും കരഞ്ഞപ്പോള്‍ അമ്മയും തേങ്ങിക്കരഞ്ഞു. അല്പം കഴിഞ്ഞ് ഞങ്ങള്‍ മൂന്നുപേരും അവിടത്തെ പരുപരുത്ത ബെഞ്ചുകളിലൊന്നില്‍ ഇരുന്നു. അമ്മയുടെ മടിയില്‍വെച്ച ഞങ്ങളുടെ കൈകളില്‍ അമ്മ തലോടിക്കൊണ്ടിരുന്നു. ഞങ്ങളുടെ ക്രോപ്പുചെയ്ത മുടിയിലൂടെ കൈയോടിച്ച് ചിരിച്ചുകൊണ്ട് ഉടനെത്തന്നെ നമ്മളൊരുമിച്ച് താമസിക്കുമെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. പോകുന്നതിനുമുമ്പ് കുറച്ച് മിഠായികളും തന്നു. ആര്‍ക്കോ തുന്നല്‍പ്പണി ചെയ്തു കിട്ടിയ കാശുകൊണ്ട് സ്റ്റോറില്‍നിന്ന് വാങ്ങിയതാണ്. വാര്‍ധക്യം ബാധിച്ചതുപോലെയുള്ള അമ്മയുടെ രൂപത്തെക്കുറിച്ച്, പിന്നീട് ഏറെനേരം സിഡ്‌നി വേദനയോടെ പറഞ്ഞുകൊണ്ടിരുന്നു.
സങ്കടത്തോടെയാണെങ്കിലും ഞാനും സിഡ്‌നിയും അനാഥമന്ദിരത്തിലെ ജീവിതത്തോടിണങ്ങിച്ചേര്‍ന്നു. അക്കാലത്തെ എല്ലാ കാര്യങ്ങളും ഓര്‍മയിലില്ലെങ്കിലും നീണ്ട മേശയ്ക്കു ചുറ്റുമിരുന്നുള്ള ഉച്ചഭക്ഷണം ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഏതാണ്ട് എണ്‍പത്തഞ്ച് വയസ്സ് പ്രായമുള്ള വൃദ്ധനായ ഒരു മാന്യനായിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു. കാരണം, കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു ഞാന്‍. മാത്രവുമല്ല, ക്രോപ്പു ചെയ്യുന്നതുവരെ നല്ല ചുരുളന്‍മുടിക്കാരനുമായിരുന്നു. ഭക്ഷണസമയത്ത് അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ത്തന്നെ ഇരുത്തുന്നതുകൊണ്ട് എനിക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പക്ഷേ, അല്പദിവസങ്ങള്‍ക്കകം സ്ഥിതിഗതികള്‍ ആകെ മാറി. എന്നേക്കാള്‍ ഇളയവനും ചുരുളന്‍മുടിക്കാരനുമായ മറ്റൊരുത്തന്‍ അവിടെ വന്നുചേര്‍ന്നു. അതോടെ എന്റെ സീറ്റ് അവന് ലഭിച്ചു. ഏറ്റവും പ്രായംകുറഞ്ഞ ചുരുളന്‍മുടിക്കാരനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത് എന്നാണ് വൃദ്ധന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

Friday, 23 December 2011

malayalam Lekhanagal

ട്വിറ്റര്‍ മാധ്യമങ്ങള്‍ക്ക് ഒരു വിവര സ്രോതസ്


സെപ്തംബര്‍ 8 ന് രാത്രി 11 മണി കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വന്‍‌ശബ്ദത്തോടെ ഭൂചലനം ഉണ്ടായി. ഉടന്‍ തന്നെ ജനങ്ങളുടെ ഭയം അതേ ദിനം രാവിലെ സംഭവിച്ച ഹൈക്കോടതി- ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു എന്നത് സ്വാഭാവികം എന്നാല്‍ ഈ അവസരത്തില്‍ ചില മാധ്യമങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. തല്‍‌ക്ഷണം തന്നെ ട്വിറ്ററില്‍ അടക്കം അവര്‍ ശബ്‌ദം ഭൂചലനത്തിന്റേതാണന്ന് എഴുതുക മാത്രമല്ല. Earthquake in Delhi. Send us your pictures/videos to email or tweet us #delhiearthquake ഇങ്ങനെ കൂടി ട്വിറ്ററില്‍ കുറിച്ചിട്ടു. ഒരേ സമയം തന്നെ എത്ര സമര്‍ത്ഥമായാണ് വാര്‍ത്താ ശേഖരണത്തിനും ഒപ്പം വാര്‍ത്ത ജനങ്ങളിലെത്തിക്കാനും അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.
കേരളത്തില്‍ പോയ ഒരു വര്‍ഷത്തിനിടെ എത്രയോ പ്രാവശ്യം അടിയന്തിരമായി ഇടപെടേണ്ട വാര്‍ത്താസംഭവങ്ങള്‍ ഉണ്ടായി, എന്നിട്ടും നമ്മള്‍ ട്വിറ്ററിനെയും ഫേസ്‌ബുക്കിനെയും കാര്യമായി വാര്‍ത്ത ശേഖരിക്കാനുള്ള ഒരു ഇടമായി കാണുന്നില്ല. ഉദാ: ഒരു വിമാനം തെന്നിമാറല്‍ അല്ലെങ്കില്‍ ആളില്ലാത്ത തിവണ്ടിമുറിച്ചുകടക്കല്‍ ഇടത്തെ അപകടങ്ങള്‍ . ഇവിടെ ഒക്കെ ജനങ്ങള്‍ അവരുടെ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുക്കുന്നുണ്ട് അല്ലെങ്കില്‍ ട്വിറ്റില്‍ കുറിക്കുന്നുണ്ട്. മിക്കപ്പോഴും ഇത് റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിയ ശേഷം ആകും ശേഖരിക്കപ്പെടുന്നത്. എന്നാല്‍ നിമിഷനേരം കൊണ്ട് തന്നെ ഇവയെല്ലാം യൂടൂബ് ലിങ്ക് വഴി ചാനലില്‍ കാണിച്ചുകൂടാ. കുറഞ്ഞ പക്ഷം ചിത്രങ്ങള്‍ എങ്കിലും ! ഇതിന് മാത്രമല്ല. നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം പ്രധാന വിവരങ്ങള്‍ അവര്‍ മാധ്യമങ്ങളിലേക്ക് വിളിച്ച് പറയും മുന്നെ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് സോഴ്സ് ചെയ്ത് എടുക്കാവുന്നതേയുള്ളൂ. വേണമെങ്കില്‍ ആ സംഭവ സ്ഥലത്തുള്ള വിശ്വസിനീയമായ ഒരാളെ ഫോണ്‍ ഇന്‍ ല്‍ കിട്ടുകയും ചെയ്യും, അല്ലെങ്കില്‍ ഉടനെ അവിടെ ചെല്ലാനിടയുള്ള റിപ്പോര്‍ട്ടര്‍ക്ക് ശരിയായ ഒരു സഹായിയായി ആദ്യവിവരം നല്‍കാന്‍ ഇങ്ങനെയുള്ളവര്‍ക്ക് ആകും. ഡല്‍ഹി ഭൂചലന സമയത്ത് ഉപയോഗിച്ച #delhiearthquake എന്ന ടാഗില്‍ ഒരു സെക്കന്റില്‍ പത്തോളം സന്ദേശങ്ങള്‍ ആദ്യമിനുട്ടില്‍ തന്നെ വന്നുകൊണ്ടിരുന്നു. ഇത് ഒരു പക്ഷെ ആ ചാനലിലും മറ്റുള്ളവര്‍ക്കും കാര്യമായി തന്നെ പ്രയോജനപ്പെടും. സ്ഥലത്തെത്തുന്ന റിപ്പോര്‍ട്ടറുടെ ജോലി കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. മേയ് മാസം ആദ്യം ഒസാമ ബിന്‍ ലാദന്റെ മരണം സ്ഥിരീകരിക്കപ്പെടുന്ന സമയത്ത് ഒരു സെക്കന്റില്‍ 5000 ട്വിറ്റ്കളാണ് പ്രവഹിച്ചത്. പിന്നീട് സംഭവിച്ച മുംബൈ ബോബ് സ്ഫോടന സമയത്തും സന്നദ്ധപ്രവര്‍ത്തകരെ എകോപിപ്പിക്കുന്നതിനും വാര്‍ത്ത ശേഖരിക്കാനും മികച്ച പിന്തുണയാണ് ട്വിറ്റര്‍ നല്‍കിയത്.

ഗൌരവമായ ജേണലിസത്തിന് ട്വിറ്റര്‍ എങ്ങനെ പ്രയോജനപ്പെടുത്താം.

  1. ബ്രേക്കിംഗ് ന്യൂസിന്റെ കണ്ടെത്തലിന് : സാമാന്യം നല്ല രീതിയില്‍ ട്വിറ്റ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പപ്പോള്‍ തന്നെ വിവരം ‌@username ആയി കിട്ടും. ട്വിറ്ററില്‍ ഒരാള്‍ വായിക്കണം എന്ന് സന്ദേശം നല്‍കുന്നയാള്‍ ഉദ്ദേശിച്ചാല്‍ പ്രസ്തുതയാളുടെ ട്വിറ്റ് വിലാസത്തിന് മുന്നില്‍ @ ചേര്‍ക്കും. ഇത് വഴി ഒരു എസ് എം എസ് വായിക്കുന്ന ലാഘവത്തില്‍ അപ്പപ്പോഴുള്ള ബ്രേക്കിംഗ് ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിഞ്ഞു കൊണ്ടിരിക്കാം. ഇല്ലെങ്കില്‍ #ടാഗില്‍ ഒരു പ്രത്യേക വിവരം സാമാന്യത്തിലധികം വരുന്നുണ്ടന്ന് മനസിലായാല്‍ ഉടനെ തന്നെ വാര്‍ത്തയുടെ പ്രഭവകേന്ദ്രം കണ്ടെത്തി റിപ്പോര്‍ട്ടര്‍മാരെ വിന്യസിക്കാം. ഇനി ഒരു വാര്‍ത്ത അറിഞ്ഞു എന്ന് വയ്ക്കുക, കൂടുതല്‍ വിവരങ്ങള്‍ തേടണം എന്നാല്‍ റിപ്പോര്‍ട്ടര്‍മാര്‍ സംഭവസ്ഥലത്ത് എത്താന്‍ സമയവും എടുക്കും എങ്കില്‍ പുതിയ #ടാഗ് ഉചിതമായി നല്‍കിയാല്‍ മതി. ഡല്‍ഹി ഭൂചലന സമയത്ത് #delhiearthquake ആയിരുന്നു വിവരങ്ങളെ കോര്‍ത്തിണക്കാന്‍ ഉപയോഗിക്കപ്പെട്ടത്. സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ എന്ന് വിളിക്കാവുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്ന ടെക് സാക്ഷരരായ പൊതുജനം വിവരം ബ്ലോഗിലിടാന്‍ മടിക്കും എന്നാല്‍ ഒരു എസ് എം എസ് പോലെ ലളിതമായ ഘടന ട്വിറ്റിനെ ഇവര്‍ക്കിടയില്‍ പ്രീയങ്കരമാക്കുന്നു. മൊബൈലില്‍ എടുത്ത പടം അല്ലെങ്കില്‍ ആദ്യമാത്ര പ്രതീകരണം ഒരു വരിയായി ട്വിറ്ററില്‍ ഇടുന്നു. അതുകൊണ്ടാണ് ഒരു വാര്‍ത്താമൂല്യം ഉള്ള സംഭവം നടക്കുന്ന അതേ സമയത്ത് തന്നെ നൂറുകണക്കിന് ട്വിറ്റുകള്‍ എത്തുന്നത്. സാങ്കേതികഭാഷയില്‍ TPSഎന്നാണ് പറയുന്നത് ട്വിറ്റ് പ്രതി സെക്കന്റ് ! . ഇത് നോക്കി സംഭവത്തിന്റെ വാര്‍ത്തയാഴം എളുപ്പത്തില്‍ മനസിലാക്കാം .
  2. അഭിമുഖം മികവുറ്റതാക്കാന്‍ : വാര്‍ത്താ മാധ്യമങ്ങളില്‍ അഭിമുഖം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. രസമുള്ള അഭിമുഖത്തിന്റെ രസത്രന്ത്രം അപൂര്‍വമായതും കൃത്യമായ വിവരം ഊറ്റിയെടുക്കാനാവുന്ന ചോദ്യങ്ങള്‍ തന്നെ. ആദ്യന്തമായി ഇത് പത്രപ്രവര്‍ത്തകന്റെ ആഴത്തിലും പരപ്പിലും ഉള്ള വായനയെ ആശ്രയിച്ചിരിക്കും എന്നിരിക്കിലും സമര്‍ത്ഥമായി ട്വിറ്റര്‍ ഉപയോഗിച്ച് ഇന്ന് ചോദ്യങ്ങള്‍ പിറവി കൊള്ളുന്നുണ്ട്. ഉദാ: ഒരു കമ്പനി ഉടമയെ അല്ലെങ്കില്‍ രാഷ്ട്രീയ താരത്തെ ആണ് അഭിമുഖം ചെയ്യുന്നതെന്നിരിക്കട്ടെ , ആ സ്ഥാപനത്തിലെ സര്‍വവിവരവ്യാപിയായ ഒരാള്‍ / രാഷ്ട്രീയക്കാരന്റെ അടുത്ത അനുയായി അല്ലെങ്കില്‍ എതിരാളി നല്‍കുന്ന ഒരു ചോദ്യമുനക്ക് മൂര്‍ച്ചയേറും എന്ന് പറയേണ്ടതില്ലല്ലോ. ടിവി പരിപാടികളില്‍ ഇന്ന് ഒരോ പ്രത്യേക പരിപാടിയും നേരിട്ട് സം‌പ്രേഷണം ചെയ്യുന്ന സമയത്ത് തന്നെ അവര്‍ സ്‌ക്രീനില്‍ സ്ഥാപനത്തിന്റെ/പരിപാടിയുടെ ട്വിറ്റ് ഐഡി പ്രദര്‍ശിപ്പിക്കാറുണ്ട്. ഉടന്‍ തന്നെ കാഴ്ചക്കാരുടെ വക ചോദ്യങ്ങളെത്തി തുടങ്ങും. ഇതില്‍ നിന്നും കാമ്പുള്ളവ വാര്‍ത്തവതാരകന്റെ ശബ്ദത്തില്‍ എതിരെയിരിക്കുന്ന പാനലംഗങ്ങള്‍ക്ക് മുന്നില്‍ എത്തും. ചാനലില്‍ വിളിക്കുന്നതും ചോദ്യമെറിയാന്‍ ടെലഫോണ്‍ ക്യൂവില്‍ നില്‍ക്കുന്നതും ഒക്കെ പഴങ്കഥ എന്ന് പറയാം
  3. വിവരാധികാരികതയ്‌ക്ക് : ഒരു ബ്രേക്കിംഗ് ന്യൂസ് പരമ്പരാഗത രീതിയില്‍ എത്തിയാല്‍ ഉടനെ തന്നെ ആധികാരികത ഉറപ്പാക്കാനായും അതിന്റെ മറ്റ് അനുബന്ധവിവര ശേഖരണത്തിനും ട്വിറ്റ് ടാഗുകള്‍ നിരീക്ഷിക്കുന്നത് ഇന്ന് പതിവാണ്. മറ്റ് ചിലപ്പോള്‍ സം‌പ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്ന /അച്ചടിച്ച് വന്ന റിപ്പോര്‍ട്ടുകളിലെ തെറ്റുകളോ അക്ഷരപിശാചോ വരെ കണ്ടുപിടിക്കാന്‍ സ്ഥാപനത്തിന്റെ ട്വിറ്റ് ഐഡിയിലേക്ക് വരുന്ന സന്ദേശങ്ങള്‍ നോക്കിയാല്‍ മതി. ഒരു മൊബീല്‍ നമ്പര്‍ കൊടുത്താല്‍ പോരെ എന്ന് കരുതാം എന്നാല്‍ എസ് എം എസ് അയക്കുന്നതില്‍ പ്രേക്ഷകര്‍ താത്പര്യം ഇല്ല എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു, കാരണം എസ് എം എസ് ഒരു നമ്പരിലേക്ക് മാത്രം പോകുന്ന വിവരമാണ് , പബ്ലിക് ഡൊമൈനില്‍ വിവരം എത്തുന്നുമില്ല ! എഴുതുന്നയാള്‍ക്ക് മാധ്യമത്തെ മാത്രമല്ല മറ്റുള്ളവരെ കൂടിയാണ് അറിയിക്കേണ്ടത്.
  4. കൂടുതല്‍ പ്രേക്ഷകര്‍ /വായനക്കാര്‍ : ഇപ്പോള്‍ നടക്കുന്ന പരിപാടി കാണാനായി/ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാനായി ഉള്ള സന്ദേശങ്ങള്‍ ട്വിറ്റ് പേജില്‍ ഇടുന്നത് മാധ്യമത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ കൂട്ടും. പ്രത്യേകിച്ചും എന്തെങ്കിലും മൌലികത/പ്രത്യേകത ഉള്ള വിവരം ആണെങ്കില്‍ . ട്വിറ്റര്‍ ഒരു ഉച്ചഭാഷിണി (Twitter amplifying news to traditional media) എന്നാണ് വെബ് ലോകത്തെ വര്‍ത്തമാനം അത് ഒരു പരിധി വരെ ശരിയുമാണ്. ഒരു ട്വിറ്റ് മറ്റൊരാള്‍ എടുത്ത് വീണ്ടും ട്വിറ്റ് ചെയ്യുന്നതിനെ റീട്വീറ്റ് അല്ലെങ്കില്‍ RT എന്നാണ് പറയുന്നത്. ചില സന്ദേശങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആ‍യിരക്കണക്കിന് പുനപ്രക്ഷേപണം നടക്കും. ഇത് മാധ്യമത്തിനോ അല്ലെങ്കില്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ഉള്ള സന്ദര്‍ശകരുടെ എണ്ണം പല മടങ്ങ് വര്‍ധിപ്പിക്കും
  5. പണച്ചിലവ് കുറവ് : ട്വിറ്ററില്‍ എത്താനും സജീവമായി ഉപയോഗിക്കാനും പ്രത്യേകിച്ച് പണച്ചിലവ് അധികമായി ഉണ്ടാകുന്നില്ല, നിലവിലുള്ള ഇന്റര്‍നെറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ തന്നെ ധാരാളം. റിപ്പോര്‍ട്ടര്‍ മാര്‍ക്കെല്ലാം ട്വിറ്റ് ഐഡി ഉണ്ടെങ്കില്‍ സംഗതി കൂടുതല്‍ എളുപ്പമായി എന്ന് പറയാം. വാര്‍ത്ത തേടുന്ന സ്ഥലത്തുള്ളവര്‍ റിപ്പോര്‍ട്ടര്‍മാര്‍ , ന്യൂസ് റൂം , കാഴ്ചക്കാര്‍ , സംഭവത്തിന്റെ ആദ്യ ദൃക്‌സാക്ഷികള്‍ , മറ്റ് വാര്‍ത്താ ഉറവിടങ്ങള്‍ എന്നിവയെ മികച്ച രീതിയില്‍ എകോപിപ്പിച്ച് വാര്‍ത്തയ്‌ക്ക് ആധികാരികതയും മൂല്യവും പുതിയ ഡയമന്‍ഷനുകളും ഉണ്ടാക്കാന്‍ എളുപ്പമാണ്.
  6. ഹാഷ് ടാഗ് (#incident) , @username അടയാളം , ടീ ട്വീറ്റ് (RT) , ലിസ്റ്റുകള്‍ , ഡയറക്‍ട് മെസേജ് (DM) ,സേവ്ഡ് സര്‍ച്ചുകള്‍ , വെബ് വിലസത്തെ ചെറുതാക്കല്‍ (URL Shortners) എന്നീ അനുബന്ധ ഘടകങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ ട്വിറ്റര്‍ ഒന്നാം തരം വാര്‍ത്താ സഹായി ആണ്
  7. ഒപ്പം സ്ഥാപനത്തിന്റെ ലോഗോ / റിപ്പോര്‍ട്ടര്‍മാരുടെ ഫോട്ടോ എന്നിവയും അകമ്പടിയായി ചെറുതും കുറിക്ക് കൊള്ളുന്നതുമായ ഒരു ഒറ്റവരി വ്യക്തി/സ്ഥാപന വിവരണക്കുറിപ്പ് കൂടി എഴുതിയാല്‍ ലക്ഷണമൊത്ത ഒരു ട്വിറ്റ് ഹാന്‍ഡില്‍ ആയി .
    എല്ലാത്തിലും ഉപരിയായി വിവരങ്ങള്‍ ട്വിറ്റ് ചെയ്യുന്നതും ട്വിറ്ററില്‍ നിന്ന് വിവരം ശേഖരിക്കുന്നതും ഒരു നിത്യാഭ്യാസമാക്കിയാല്‍ (Habit) വാര്‍ത്താമൂല്യം കൂട്ടാം വിവരങ്ങള്‍ തല്‍‌ക്ഷണം അറിയുകയും ചെയ്യാം. കമ്പ്യൂട്ടറിനെക്കാളും കൂടുതല്‍ ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ സമീപകാലത്ത് തന്നെ കൂടുതല്‍ ജനകീയമാകാന്‍ സാധ്യതയുള്ളതിനാല്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഒഴിവാക്കാനാകാത്ത അക്ഷയഖനിയാണ് ഇത് എന്നതില്‍ സംശയമില്ല
WELCOME TO MY FACE THE മ്യൂസിക്‌

Thursday, November 10, 2011


സിരി - ഇന്റര്‍നെറ്റ് തിരയലിന്റെ ശബ്‌ദ വസന്തം

ആപ്പിള്‍ 4എസ് മൊബീല്‍ ഫോണിലെ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആപ്ലിക്കേഷന്‍ മാത്രമായി സിരീ എന്ന ശബ്‌ദ തിരയല്‍ സംവിധാനത്തെ കാണുന്നത് ശരിയാകില്ല. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സമര്‍ത്ഥമായ പ്രയോഗമാണ് ഈ സ്വഭാവിക ഭാഷാ വിശകലന ഉപാധി. ഈ ആപ്ലിക്കേഷന്‍ സജീവമാക്കിയ ശേഷം ആവശ്യമുള്ള വിവരം ഫോണിനോട് ചോദിക്കുക. ഉടന്‍ തന്നെ ഉത്തരം ലഭിക്കും. സാങ്കേതികതയുടെ ബാലാരിഷ്ടതകള്‍ ഒഴിവാക്കിയാല്‍ സീരി അടുത്ത ടെക് വിപ്ലവം എന്ന് തന്നെ പറഞ്ഞാലും തെറ്റില്ല. കാരണം ഫോണിനോ സമാന ഉപകരണങ്ങള്‍ക്കോ അതിന്റെ സന്തത സഹചാരിയായ ബഹുവര്‍ണ സ്‌ക്രീന്‍ തന്നെ ആവശ്യമില്ലാത്ത തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സമീപ ഭാവിയില്‍ ഒരാളെ വിളിക്കണമെങ്കില്‍ ഫോണ്‍ എടുത്ത് വിളിക്കണം എന്ന് പറയുക. തിരികെ ആരെ വിളിക്കണം എന്ന് ഫോണ്‍ ചോദിക്കും. പേര് പറയുക. ഒന്നിലേറേ പേര് ഫോണ്‍ ബുക്കില്‍ ഉണ്ടെങ്കില്‍ അതില്‍ എത് വേണമെന്ന് ഫോണ്‍ വീണ്ടും ചോദിക്കും അതനുസരിച്ച് വിളിച്ച് തരും. ഇനി അങ്ങേപ്പുറത്തെ ആള്‍ തിരക്കിലോ അല്ലെങ്കില്‍ ഫോണ്‍ ഓഫ് ചെയ്‌തിരിക്കുന്ന അവസ്ഥയിലോ ആണെങ്കില്‍ ചിലപ്പോള്‍ സീരി ഇങ്ങനെ മറുപടി പറയാം. അദ്ദേഹത്തിനെ ഈ നമ്പറില്‍ കിട്ടുന്നില്ല വീട്ടിലെയോ അല്ലെങ്കില്‍ ഓഫീസിലെയോ നമ്പറില്‍ ശ്രമിക്കണോ. അതുമല്ലെങ്കില്‍ കുറച്ച് കഴിഞ്ഞ് വിളിക്കാം. എസ് എം എസ് വേണമെങ്കിലും അയക്കാം വേണ്ടത് പറഞ്ഞ് കൊള്ളൂ. അല്‍‌പം കഴിഞ്ഞ് വിളിക്കാം എന്നാണ് മറുപടി എങ്കില്‍ ഉടനെ വരും അടുത്ത ഉപദേശം എത്ര സമയം കഴിഞ്ഞ് വിളിക്കണം സമയം പറഞ്ഞോളൂ !

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സീരിയെ ആപ്പിള്‍ സ്വന്തമാക്കുന്നത്. ഉത്പന്നം എന്ന നിലയില്‍ അവതരിപ്പിക്കുന്നത് കഴിഞ്ഞ മാസം അവതരിപ്പിച്ച എറ്റവും പുതിയ ഐ ഫോണിലും. നാല് വര്‍ഷം മുന്‍‌പ് ഒരു ചെറു സംരംഭമായി വികസിപ്പിച്ച് തുടങ്ങിയതാണ് സിരീ. അമേരിക്കന്‍ പ്രതിരോധ സ്ഥാപനമായ ദര്‍പ (ഡിഫന്‍സ് അഡ്വവാന്‍സ്‌ഡ് റിസര്‍ച്ച് പ്രോജക്‍ട്) യുടെ സഹകരണവും ആവോളം ഉണ്ടായിരുന്നു. SRI International ആണ് ഈ പദ്ധതിയുടെ ഇടനാഴിയായി പ്രവര്‍ത്തിച്ചത്, ഏതാനും സര്‍വകലാശാലകളുടെ അക്കാദമിക-സാങ്കേതിക സഹായവും പിന്നിലുണ്ടായിരുന്നു. ആന്‍‌ഡ്രോയ്ഡ്, ബ്ലാക്ക്‍ബെറി തുടങ്ങിയ സ്‌മാര്‍ട്ട് ഫോണുകളിലും ശബ്ദത്തിരയല്‍ ആയി ഇത് വരുമെന്ന് അനുമാനിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ആപ്പിള്‍ ഇത് എറ്റെടുത്തതോടെ ഇനി ഐ ഫോണിലൂടെയാകും മുഖ്യമായും സീരി ശബ്‌ദമുണ്ടാക്കി നീങ്ങുന്നത്. നമ്മുടെ ശബ്‌ദാന്വേഷണത്തിന് വിവരം ലഭിക്കുന്നതിനായി ഇന്റര്‍നെറ്റിലെ ആശ്രയിക്കാനാകുന്ന ഇടങ്ങള്‍ക്കൊപ്പം ഫോണിലെ റിമൈന്‍ഡര്‍ , ഫോണ്‍ ബുക്ക്, എസ് എം എസ് പെട്ടി, നോട്ട്സ് ,കലണ്ടര്‍ , സമയവിവരം, ഭൂപട സൌകര്യം എന്നിവയും ഉപയോഗിക്കും. ഓഹരി വിപണി വാര്‍ത്ത കാലാവസ്ഥാ വിവരം എന്നിവയും അവിഭാജ്യ ഘടകമാണ്. മഴവരുന്നോ, ഓഹരി വിപണി ഉയര്‍ന്നോ എന്ന് വിളിച്ച് തന്നെ ചോദിക്കാം ഉടനെ ഫോണ്‍ മറുപടിയും പറയും. നമ്മള്‍ നില്‍ക്കുന്നയിടം ഫോണിന് അറിയാവുന്നതിനാല്‍ അവിടെ മഴപെയ്യുമോ ഇല്ലയോ എന്നാകും മിക്കവാറും ആദ്യം മറുപടി പറയുക എന്ന് ഊഹിക്കുന്നതില്‍ തെറ്റില്ലല്ലോ. ഒപ്പം തന്നെ മറ്റ് സ്ഥലങ്ങളുടെ കാലാവസ്ഥാ വിവരം ആണ് വേണ്ടതെങ്കില്‍ സ്ഥലനാമം പറഞ്ഞു കൊള്ളൂ എന്ന് ഉപദേശിച്ചാലോ!
നിലവില്‍ തന്നെ മൊബീല്‍ ഫോണുകള്‍ മൂകരും ബധിരരുമായവര്‍ക്ക് അനുഗ്രഹമാണ്. എസ് എം എസ് വഴിയും മൊബീല്‍ ഫോണ്‍ സ്‌ക്രീനിലെ മറ്റ് ഇന്ദ്രജാലങ്ങള്‍ വഴിയും അവര്‍ എത്ര സ്വാതന്ത്ര്യത്തോടെയാണ് നമ്മളുമായി ആശയവിനിമയം ചെയ്യുന്നത്. ഇക്കഴിഞ്ഞ പതിനഞ്ചുവര്‍ഷം കൊണ്ട് മൊബീല്‍ ഫോണ്‍ വ്യാപകമായപ്പോഴും അന്ധരായ ചങ്ങാതിമാര്‍ക്ക് അത്ര ചങ്ങാത്തം കൂടാന്‍ പറ്റിയ ഉപകരണമായിരുന്നില്ല ഫോണുകള്‍ .ചില മോഡലുകളില്‍ വോയ്സ് റെക്കഗ്നിഷന്‍ സംവിധാനം ഉണ്ടെങ്കിലും അത് ഫോണിന്റെ പൂര്‍ണ ഉപയോഗം സാധ്യമാക്കിയിരുന്നില്ല. എന്നാല്‍ സീരിയും ഇതിനെ പ്രതിരോധിക്കാന്‍ ആന്‍‌ഡ്രോയ്‌ഡും ബ്ലാക്ക്ബെറിയും അടങ്ങുന്ന എതിരാളികള്‍ ഇറക്കാന്‍ ഇടയുള്ള സംവിധാനങ്ങളും കൂടി എത്തുന്നതോടെ കണ്ണുകാണാത്തത് ഒരു തടസമായി കുറഞ്ഞ പക്ഷം ഫോണുപയോഗിക്കുന്നതില്‍ അവര്‍ക്ക് അനുഭവപ്പെടില്ല. ഇതുവരെ അന്യമായിരുന്ന എസ് എം എസ് അവര്‍ക്ക് ഇനി ഇണങ്ങും. ആളിന്റെ പേര് പറയുക അയക്കാനുള്ള സന്ദേശം നിര്‍ദ്ദേശാനുസരണം നല്‍കുക. പൂര്‍ത്തിയായ ശേഷം ഫോണ്‍ തന്നെ ടൈപ്പ് ചെയ്യിപ്പിച്ചത് വായിച്ച് കേള്‍പ്പിക്കും അയക്കട്ടെ എന്ന അവസാന ചോദ്യത്തിന് യെസ് പറയുന്നതോടെ സന്ദേശം ഫോണ്‍ കടന്ന് അടുത്ത ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ പറക്കും.
ഫോണിലെ വിവരവിശകലന ശേഷിയുള്ള അത്യാധുനിക ചിപ്പ്, പ്രത്യേക ആപ്പ്(ളിക്കേഷന്‍), ഇന്റര്‍നെറ്റ് ബന്ധം, ഇതിനായി ആ‍ശ്രയിക്കാവുന്ന വിവരയിടങ്ങള്‍ എന്നിവയുടെ ചേരുവയാണ് ശബ്‌ദതിരയല്‍ നടത്തുന്നത്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ വരും കാലത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ ഈ സംവിധാനത്തില്‍ ഉണ്ടാകും. നിലവില്‍ പരിമിതികള്‍ ഏറെയുണ്ട്. കൂടുതലും അമേരിക്ക അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ചികഞ്ഞെടുത്ത് പറയുന്നത്. ആംഗലേയവും സഹായവാണികളുമാണ് ഇപ്പോള്‍ അനുസരിക്കുന്നത്. എന്നാല്‍ എല്ലാ കണ്ടുപിടുത്തങ്ങളെയും പോലെ ഇതും ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങും എന്നതില്‍ സംശയമില്ല. 1903 ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിച്ചത് നാം ഇന്ന് കാണുന്ന രൂപത്തിലും ഭാവത്തിലും അല്ലല്ലോ. ഒരു പക്ഷെ അവരുടെ ഭാവനയ്‌ക്കും അപ്പുറത്താണ് ഇന്ന് വിമാനങ്ങളുടെ ഭൂഖണ്ഡാന്തര സഞ്ചാരം. അതുപോലെ ഈ ശബ്‌ദത്തിരയല്‍ വസന്തം ഇന്റര്‍നെറ്റിനെയും മൊബീല്‍ ഫോണിനെയും സമാനതകളില്ലാത്ത പുതിയ വഴികളിലൂടെ നടത്തും. ഒരു പക്ഷെ ഭാവി സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് സ്‌ക്രീന്‍ ഇല്ലാത്ത മോഡലുകളും ഉണ്ടാകും. ഒരു പേനയുടെ അടപ്പ് പോലെ കീശയില്‍ കുത്തിക്കൊണ്ട് നടക്കാനായേക്കാം.

ബിറ്റ്സ് ആന്‍ഡ് ബൈറ്റ്സ് : കല്‍‌പിത കഥ പോലെ ഒരു കാര്യം പറയാം. പുലര്‍കാലെ 4.30 നുള്ള ഒരു തീവണ്ടിയില്‍ കയറിപറ്റാനായി 4.00 മണിക്ക് അലാറം വച്ച് കിടന്നുറങ്ങുന്നു. രാവേറെ വൈകി കിടന്നതിന്റെ ക്ഷീണവുമുണ്ട് അതേ സമയം യാത്ര ഒഴിവാക്കാനും വയ്യാത്തത് കൊണ്ട് മാത്രമാണ് അലാറം വച്ചത്. പക്ഷെ ഫോണ്‍ അലാറം ശബ്‌ദിച്ചത് കൃത്യം 7 മണിക്ക് എന്നിട്ടും തീവണ്ടി കിട്ടാതെയുമിരുന്നില്ല യാത്ര മുടങ്ങിയതുമില്ലത്രേ! എങ്ങനെയെന്നോ വണ്ടി മൂന്ന് മണിക്കൂര്‍ വൈകിയോടുന്നു എന്ന വിവരം തീവണ്ടിയാപ്പീസിലെ സമയവിവര പട്ടികയില്‍ നിന്നോ റേഡിയോ അറിയിപ്പില്‍ നിന്നോ മൊബില്‍ ഫോണ്‍ സ്‌മാര്‍ട്ടായി മനസിലാക്കി. തന്റെ യജമാനന്റെ ദിനക്കുറിപ്പ് നോക്കിയപ്പോള്‍ ഈ സമയത്തിനിടയ്‌ക്ക് വേറേ പരിപാടികള്‍ ഒന്നും കണ്ടതുമില്ല, അതു കൊണ്ട് പാവം കിടന്നുറങ്ങിയതല്ലേ എന്ന് ഫോണ്‍ കണക്കുകൂട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അല്പസ്വല്‍പ്പം ബുദ്ധിയൊക്കെ ഉണ്ടെന്ന് മനസിലായില്ലേ !