Wednesday, 28 December 2011

എന്റെ കുട്ടിക്കാലം
ചാര്‍ലി ചാപ്ലിന്‍
                                 

ഞങ്ങളുടേതുപോലുള്ള താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍, ഭാഷാരീതികളേയും പ്രയോഗങ്ങളെയും കുറിച്ച് ആരും ചിന്തിക്കാറേയില്ല. പക്ഷേ, ഞങ്ങള്‍ ശുദ്ധമായ ഭാഷ സംസാരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വാക്യങ്ങള്‍ തിരുത്തിത്തരും. കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍, എന്റെ അറിവില്ലായ്മകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോവാത്തതിന് ചിലപ്പോഴൊക്കെ ഞാനമ്മയെ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ, അത്തരം ജീവിതം വ്യര്‍ഥവും കൃത്രിമവുമാണെന്നും ആ അവസ്ഥയില്‍ നമ്മള്‍ ദൈവത്തെ എളുപ്പം മറന്നുപോവുമെന്നും ഒരു പുഞ്ചിരിയോടെ അമ്മ പറയും. ഇതൊക്കെയാണെങ്കിലും നാടകശാലയെക്കുറിച്ച് വല്ലതും പറയാന്‍ തുടങ്ങിയാല്‍ അമ്മ സ്വയം മറന്ന് ആവേശഭരിതയാവും. ഈ ഓര്‍മ്മ പുതുക്കല്‍ കഴിഞ്ഞാല്‍ പിന്നെ അല്‍പദിവസത്തേക്ക് അമ്മ തുന്നല്‍ ജോലികളില്‍ മുഴുകി നിശ്ശബ്ദയായിരിക്കും. ആ മായാലോകത്തുനിന്ന് വളരെ അകലെയാണ് ഞങ്ങളെന്നോര്‍ത്ത് നിരുത്സാഹത്തോടെ ഞാനും ഒരു മൂലയ്ക്കിരിക്കും. അല്പം കഴിയുമ്പോള്‍ എന്റെ ഇരിപ്പുകണ്ട് അമ്മ അടുത്തുവന്ന് ആശ്വസിപ്പിക്കും.
മഞ്ഞുകാലം ആരംഭിക്കാറായി. സിഡ്‌നിക്ക് വസ്ത്രങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. തന്റെ പഴയൊരു വെല്‍വെറ്റ് ഉടുപ്പുകൊണ്ട് അമ്മ സിഡ്‌നിക്കൊരു കോട്ടുണ്ടാക്കി. അതിന്റെ കൈകളില്‍ ചുവപ്പും കറുപ്പം നീളന്‍ വരകളുണ്ടായിരുന്നു. തോള്‍ഭാഗത്തുള്ള ഞൊറിവുകള്‍ മാറ്റാന്‍ അമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിട്ടുകൊടുത്തപ്പോള്‍ സിഡ്‌നി സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു: 'കുട്ടികള്‍ എന്താണ് കരുതുക?'
'ആളുകള്‍ എന്തു കരുതിയാല്‍ നമുക്കെന്താ? മാത്രവുമല്ല ഇത് വളരെ വ്യത്യസ്തമായി തോന്നുന്നു.' എന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവില്‍ സിഡ്‌നി അതിട്ടുകൊണ്ടുതന്നെ സ്‌കൂളില്‍ പോയി. അവന്റെ ഷൂസും അമ്മയുടേതുതന്നെയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ചുറ്റും കൂടി ബഹളമായി. 'ജോസഫും അവന്റെ ബഹുവര്‍ണ്ണക്കുപ്പായവും' അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെതന്നെ ഇറുക്കമുള്ള കാലുറ മുറിച്ചെടുത്ത് സ്റ്റോക്കിങ്ങ്‌സ് ആയി ഇട്ടുനടക്കുന്ന എന്നെ 'സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്' എന്നാണ് കുട്ടികള്‍ കളിയാക്കി വിളിച്ചത്.
ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ അമ്മയ്ക്ക് പൊടുന്നനെ ഒരു തലവേദന ആരംഭിച്ചു. അതുകാരണം തുന്നല്‍പ്പണി ഉപേക്ഷിച്ച്, ദിവസങ്ങളോളം കണ്ണിനുമുകളില്‍ തേയില ബാന്‍ഡേജ് കേട്ടിവച്ച് ഇരുട്ടുമുറിയില്‍ കിടക്കാന്‍ അമ്മ നിര്‍ബന്ധിതയായി. അക്കാലത്ത് സൂപ്പു ടിക്കറ്റുകളും ഭക്ഷണപ്പൊതികളും തന്ന് ഇടവകക്കാര്‍ ഞങ്ങളെ കുറച്ചൊക്കെ സഹായിച്ചു. സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ദിനപത്രങ്ങള്‍ വിതരണം ചെയ്ത് സിഡ്‌നിയും നേരിയ തോതില്‍ വരുമാനമുണ്ടാക്കി. എല്ലാ വിഷമഘട്ടങ്ങള്‍ക്കും ഒരു മൂര്‍ധന്യാവസ്ഥ ഉണ്ടാവുമല്ലോ. ഞങ്ങളുടെ കാര്യത്തില്‍ ഈ മൂര്‍ധന്യാവസ്ഥ സന്തോഷകരമായ ഒന്നായിരുന്നു.
അമ്മയുടെ അസുഖം ഭേദമായിവരുന്ന സമയം. പത്രവില്‍പനയ്ക്ക് പോയ സിഡ്‌നി അന്ന് തിരിച്ചുവന്നത് ആര്‍ത്തുവിളിച്ചുകൊണ്ടാണ്. 'എനിക്കൊരു പേഴ്‌സ് കിട്ടി.' പത്രക്കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ കൂവിവിളിച്ചു. എന്നിട്ട്, പേഴ്‌സ് അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മ അത് പതുക്കെ തുറന്നു. അതിനകത്ത് നിറയെ വെള്ളിയുടേയും ചെമ്പിന്റേയും നാണയങ്ങള്‍. പെട്ടെന്നതടച്ചുകൊണ്ട് അമ്മ കിടക്കയിലേക്ക് ചാഞ്ഞു.
സിഡ്‌നി ബസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി പത്രവില്‍പന നടത്തുകയായിരുന്നു. അതിനിടയിലാണ് ഒരു ബസ്സിലെ ഒഴിഞ്ഞ സീറ്റില്‍ അവനാ പേഴ്‌സ് കണ്ടത്. ഉടനെ അതിനു മുകളിലേക്കൊരു പത്രമിട്ട്, പത്രത്തോടൊപ്പം പേഴ്‌സുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. ഒഴിഞ്ഞ ഒരിടത്തുചെന്ന് പേഴ്‌സ് തുറന്നുനോക്കിയപ്പോഴാണ് ഇത്രയധികം പണം അതിനുള്ളിലുണ്ടെന്ന് അവന്‍ കണ്ടത്. സന്തോഷംകൊണ്ട് അതെണ്ണി നോക്കാനൊന്നും മിനക്കെടാതെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നത്രെ.
അസുഖം ഭേദമായപ്പോള്‍ അമ്മ എഴുന്നേറ്റ് ആ പേഴ്‌സിലുള്ള നാണയങ്ങളൊക്കെ കിടക്കയിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും പേഴ്‌സിന്റെ കനം കുറഞ്ഞില്ല. അതിന് മധ്യഭാഗത്ത് ഒരു പോക്കറ്റുകൂടി ഉണ്ടായിരുന്നു. അതു തുറന്നപ്പോള്‍ ഞങ്ങളുടെ കണ്ണു മഞ്ഞളിച്ചുപോയി. അതിനുള്ളില്‍ ഏഴു സ്വര്‍ണ്ണനാണയങ്ങള്‍. ദൈവത്തിനു സ്തുതി; പേഴ്‌സിനുള്ളില്‍ മേല്‍വിലാസമൊന്നുമില്ലായിരുന്നു. അതിനാല്‍ അമ്മയുടെ ധാര്‍മികബോധം അധികമൊന്നും ഉപദ്രവിച്ചില്ല. അതിന്റെ ഉടമസ്ഥന്റെ നിര്‍ഭാഗ്യത്തില്‍ അല്പം സഹതപിച്ചെങ്കിലും ഇത് സ്വര്‍ഗത്തില്‍നിന്ന് ദൈവംതന്നെ തന്നയച്ചതാവാമെന്ന് ഉടന്‍തന്നെ അമ്മ തിരുത്തിപ്പറഞ്ഞു.
അമ്മയുടെ അസുഖം മാനസികമായിരുന്നോ, അതോ ശാരീരികം തന്നെയായിരുന്നോ എന്നെനിക്കുറപ്പില്ല. ഏതായാലും ഒരാഴ്ചകൊണ്ട് അമ്മ പൂര്‍ണസുഖം പ്രാപിച്ചു. അമ്മ ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ഒഴിവുദിവസമാഘോഷിക്കാന്‍ ഞങ്ങള്‍ സൗത്ത് എന്‍ഡിലെ ബീച്ചിലേക്കാണ് പോയത്.
ആദ്യമായി കടല്‍ കണ്ടതിന്റെ മോഹനിദ്രയിലായിരുന്നു ഞാന്‍. ഉയര്‍ന്ന തെരുവില്‍നിന്ന് അതിനെ സമീപിച്ചപ്പോള്‍ അത് നിശ്ചലമായതുപോലെ തോന്നി. പിന്നെ ഒരു ഭയങ്കര സത്വമായി കുലുങ്ങിവിറച്ചുകൊണ്ട് എന്റെ മേല്‍ പതിക്കാനായി വന്നു. ഷൂ ഊരിമാറ്റി ഞങ്ങള്‍ മൂന്നുപേരും വെള്ളത്തിലിറങ്ങിക്കളിച്ചു. വളരെ ആഹ്ലാദകരമായ ഒരു സായാഹ്നമായിരുന്നു അത്. ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും എന്നെ മോഹിപ്പിക്കുന്നു.
മണല്‍ഘടികാരത്തിലെ മണലെന്നോണം ഞങ്ങളുടെ കൈയിലെ പണമെല്ലാം ഒഴുകിത്തീര്‍ന്നുകൊണ്ടിരുന്നു. അമ്മ എന്തെങ്കിലുമൊരു ജോലി കിട്ടാന്‍ വളരെയേറെ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. തവണയടയ്ക്കുന്നത് മുടങ്ങിയപ്പോള്‍ അമ്മയുടെ തയ്യല്‍മെഷീന്‍ അവര്‍ പിടിച്ചെടുത്തു. അച്ഛനില്‍നിന്നും കിട്ടിയിരുന്ന പത്തു ഷില്ലിംഗ് വരുമാനവും പാടേ നിലച്ചു. ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ലാതെയായി. ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും ലാംബെത്ത് അനാഥമന്ദിരത്തില്‍ പ്രവേശിച്ചു.
അനാഥമന്ദിരത്തില്‍ പോയി താമസിക്കുന്നത് നാണക്കേടാണെങ്കിലും ഒറ്റമുറിയില്‍ നിന്നൊരു മാറ്റം ഞാനും സിഡ്‌നിയും ആഗ്രഹിച്ചു. അനാഥമന്ദിരത്തിന്റെ ഗേറ്റ് കടക്കുന്നതുവരെ വാസ്തവത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അവിടെവെച്ച് അമ്മയെ സ്ത്രീകളുടെ വാര്‍ഡിലേക്കും ഞങ്ങളെ കുട്ടികളുടെ വാര്‍ഡിലേക്കും വേര്‍തിരിച്ചയച്ചു. അമ്മയുമായുള്ള ഈ വേര്‍പെടല്‍ എന്നെ വളരെയേറെ വേദനിപ്പിച്ചു.
ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ആദ്യസന്ദര്‍ശന ദിവസം. അന്നത്തെ ആ ദുഃഖകരമായ രംഗം ഇന്നും ഞാനോര്‍ക്കുന്നു. സന്ദര്‍ശകമുറിയില്‍ അനാഥമന്ദിരത്തിലെ യൂണിഫോം അണിഞ്ഞിരിക്കുന്ന അമ്മയെക്കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരാഴ്ചകൊണ്ട് അമ്മ വല്ലാതെ വൃദ്ധയായതുപോലെ തോന്നി. ഞങ്ങളെ കണ്ടപ്പോള്‍ ആ മുഖം പ്രസന്നമായി. സിഡ്‌നിയും ഞാനും കരഞ്ഞപ്പോള്‍ അമ്മയും തേങ്ങിക്കരഞ്ഞു. അല്പം കഴിഞ്ഞ് ഞങ്ങള്‍ മൂന്നുപേരും അവിടത്തെ പരുപരുത്ത ബെഞ്ചുകളിലൊന്നില്‍ ഇരുന്നു. അമ്മയുടെ മടിയില്‍വെച്ച ഞങ്ങളുടെ കൈകളില്‍ അമ്മ തലോടിക്കൊണ്ടിരുന്നു. ഞങ്ങളുടെ ക്രോപ്പുചെയ്ത മുടിയിലൂടെ കൈയോടിച്ച് ചിരിച്ചുകൊണ്ട് ഉടനെത്തന്നെ നമ്മളൊരുമിച്ച് താമസിക്കുമെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. പോകുന്നതിനുമുമ്പ് കുറച്ച് മിഠായികളും തന്നു. ആര്‍ക്കോ തുന്നല്‍പ്പണി ചെയ്തു കിട്ടിയ കാശുകൊണ്ട് സ്റ്റോറില്‍നിന്ന് വാങ്ങിയതാണ്. വാര്‍ധക്യം ബാധിച്ചതുപോലെയുള്ള അമ്മയുടെ രൂപത്തെക്കുറിച്ച്, പിന്നീട് ഏറെനേരം സിഡ്‌നി വേദനയോടെ പറഞ്ഞുകൊണ്ടിരുന്നു.
സങ്കടത്തോടെയാണെങ്കിലും ഞാനും സിഡ്‌നിയും അനാഥമന്ദിരത്തിലെ ജീവിതത്തോടിണങ്ങിച്ചേര്‍ന്നു. അക്കാലത്തെ എല്ലാ കാര്യങ്ങളും ഓര്‍മയിലില്ലെങ്കിലും നീണ്ട മേശയ്ക്കു ചുറ്റുമിരുന്നുള്ള ഉച്ചഭക്ഷണം ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഏതാണ്ട് എണ്‍പത്തഞ്ച് വയസ്സ് പ്രായമുള്ള വൃദ്ധനായ ഒരു മാന്യനായിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു. കാരണം, കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു ഞാന്‍. മാത്രവുമല്ല, ക്രോപ്പു ചെയ്യുന്നതുവരെ നല്ല ചുരുളന്‍മുടിക്കാരനുമായിരുന്നു. ഭക്ഷണസമയത്ത് അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ത്തന്നെ ഇരുത്തുന്നതുകൊണ്ട് എനിക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പക്ഷേ, അല്പദിവസങ്ങള്‍ക്കകം സ്ഥിതിഗതികള്‍ ആകെ മാറി. എന്നേക്കാള്‍ ഇളയവനും ചുരുളന്‍മുടിക്കാരനുമായ മറ്റൊരുത്തന്‍ അവിടെ വന്നുചേര്‍ന്നു. അതോടെ എന്റെ സീറ്റ് അവന് ലഭിച്ചു. ഏറ്റവും പ്രായംകുറഞ്ഞ ചുരുളന്‍മുടിക്കാരനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത് എന്നാണ് വൃദ്ധന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

No comments:

Post a Comment

THANK YOU